ഞാനാരാണെന്ന് എനിയ്ക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിയ്ക്ക്

My photo
ഏഷണിയും ഭീഷണിയും ഇല്ലാതെ സിനിമയെ കുറിച്ച് ഒത്തിരി ഭൂഷണവും ഇത്തിരി ദൂഷണവും....................!!! പറയുന്നതെല്ലാം എന്റെ മാത്രം കാഴ്ചകള്‍... എന്റെ ശരി നിങ്ങള്‍ക്ക് തെറ്റാവാം....

Pages

Saturday, April 24, 2010

വല്ലപ്പോഴും മാത്രമുള്ള നിശബ്ദ/ശബ്ദ വിപ്ലവങ്ങള്‍
ടീ ഡീ ദാസന്‍ std 6 B

രചന,സംവിധാനം:മോഹന്‍ രാഘവന്‍ .
താരനിര:മാസ്റ്റര്‍ അലക്സാണ്ടര്‍ ,ടീനാ റോസ്,ബിജു മേനോന്‍ ,
,ജഗദീഷ് ,വത്സലാ മേനോന്‍ ,ശ്വേത മേനോന്‍


ഇത്തിരി സംഭാഷണം


"ചേട്ടാ.... തുടങ്ങിയോ ?"
"ഇല്ലെന്നെ...."
"തുടങ്ങാരായോ.....??"
"ഇല്ലെന്നെ....."
"ങേ... പടം വിട്ടില്ലേ...."
"ഇല്ലെന്നു പറഞ്ഞില്ലേ അനിയാ ??...."
"അപ്പം എപ്പം തുടങ്ങും...?"
"ഹ... പറഞ്ഞാ മനസിലാവൂല്ലേ...ഇല്ലെന്നെ....?"
"എന്തില്ലെന്നു?"
"പടമില്ല.... "
"അതെന്താ.....?"
"ആളില്ല...അത്രതന്നെ.....പടം നാലിന്റന്നു പൂട്ടി....."

ടീ ഡീ ദാസന്‍ std 6 B കാണാന്‍ ഇന്നലെ തലസ്താനജില്ലയിലെ ഒരു തിയേറ്ററില്‍ സെക്കന്റ് ഷോയ്ക്ക് ചെന്നപ്പോള്‍ ഉള്ള അനുഭവം.....
ആ ഒറ്റ വാശി കൊണ്ടു മാത്രം ഇന്ന് മറ്റൊരു റിലീസിംഗ് സെന്ററില്‍ ചെന്ന് ഫസ്റ്റ്‌ ഷോ കണ്ടു.കണ്ടപ്പോള്‍ മനസിലായി.
കാണാതിരുന്നെങ്കില്‍ നഷ്ടം എന്ന്..... മലയാള സിനിമയില്‍ ഈയിടെ നിറഞ്ഞ
ബ്രഹ്മാണ്ട ചവറുകളുടെയും അഖിലാണ്ട ചണ്ടികളുടെയും
തല വലിപ്പങ്ങളുടെയും താളക്കൊഴുപ്പുകളുടെയും നാററത്തിനും ഉഷ്ണത്തിനും ഇടയില്‍ വന്നു പെട്ട
നല്ലൊരു മണമുള്ള സുഖമുള്ള തണുത്ത കാറ്റാണ്‌ ഈ സിനിമ

കഥാസാരം..
ഒന്നര വയസുള്ളപ്പോള്‍ തങ്ങളെ കളഞ്ഞിട്ടു പോയ സ്വന്തം അച്ഛന്റെ അഡ്രെസ് അമ്മയ്ടെ പെട്ടിയില്‍ നിന്ന് കിട്ടുന്ന ഒരു പതിനൊന്നു വയസുകാരന്‍ അയാളെ കത്തിലൂടെ കണ്ടെത്താന്‍ ശ്രമിയ്ക്കുന്നു.നിര്‍ഭാഗ്യവശാല്‍/ഭാഗ്യവശാല്‍ ആ കത്ത് ചെന്നെത്തുന്നത് തികച്ചും വ്യത്യസ്തരായ മറ്റൊരു കൂട്ടം മനുഷ്യരുടെ കയ്യില്‍.
തുടര്‍ന്ന് വെറും ഇന്‍ലന്റ് വലിയൊരു കഥാപാത്രമായി മാറി പ്രേക്ഷകരെ ദാസനും കുടുമ്പത്തിനും പിന്നെ അവനെ അറിയാത്ത ആരുടെയൊക്കെയോ പിന്നിലും നടത്തിയ്ക്കുന്ന വിസ്മയകരമായ കാഴ്ച.കഥയ്ക്കുള്ളില്‍ തന്നെ നടക്കുന്ന മറ്റു ചില കഥകള്‍ .
ഒടുവില്‍ എല്ലാമറിയുന്ന പ്രേക്ഷകര്‍ ഒന്നുമറിയാത്ത ദാസന് വേണ്ടി ആ ബ്ലാക്ക് കാറിനൊപ്പം കാത്തു നില്‍ക്കുന്നു -അഥവാ സംവിധായകന്‍ നിര്‍ത്തിയ്ക്കുന്നു.അത് സംവിധായകന്റെ മിടുക്ക്.

ഭൂഷണം
1)ഹൃദ്യമായ,മനോഹരമായ,ആര്‍ദ്രമായ സിനിമ..ഒരു ചെറുകഥ പോലെ സുന്ദരം
2)വളരെ പ്രൊഫഷനല്‍ ആയ മികച്ചു നില്‍ക്കുന്ന സംവിധാനം (ചില കുറവുകള്‍ തോന്നിയില്ല എന്നല്ല,ഏതൊരു സിനിമാ പണ്ഡിതനും പൊറുക്കാവുന്ന കുറവുകള്‍ മാത്രം)
3)ധീരമായ ചില പരീക്ഷണങ്ങള്‍.സ്ക്രീനിന്റെ (ഫ്രെയിമിന്റെ )വലിപ്പ വ്യത്യാസങ്ങള്‍ ,കഥയ്ക്കുള്ളിലെ കഥകളും അതിന്റെ വെര്‍ഷന്സും.
4)സുന്ദരമായ ഒരു ഗാനം.
5)സീനുകള്‍ തമ്മിലുള്ള ചില കണക്ഷന്‍സ്‌
6)ദാസന്‍ ,അമ്മു എന്നീ കഥാപാത്രങ്ങള്‍ അഭിനയിച്ച കുട്ടികളുടെയും ബിജുമേനോന്റെയും വത്സലാ മേനോന്റെയും മിതത്വമാര്‍ന്ന അഭിനയം.
7)കഥാവതരണത്തിലെ പുതുമയും ട്വിസ്ടുകളിലെ സത്യസന്ധതയും.
8)ക്ലൈമാക്സില്‍ കാണിച്ച അടക്കം.

ദൂഷണം
1)ജഗദീഷ് ഈ സിനിമയ്ക്ക് ഒരു ദൂഷണം(odd man) തന്നെയാണ്.അദ്ദേഹം നല്ല നടനാണ്‌.പക്ഷെ ഈ സിനിമയിലെ മാധവന്‍ അങ്കിളിനു അദ്ദേഹം തീരെ യോജിക്കുന്നില്ല.
2)ശ്രുതിലക്ഷ്മിയും(മേഖ എന്ന കഥാപാത്രം) ഒരു പ്രശ്നമാണ്..
പിന്നെ ക്യാരക്ടര്‍ അതായത്കൊണ്ടു സംവിധായകന് പറഞ്ഞു നില്‍ക്കാം.
3)ഒഴിവാക്കാമായിരുന്ന ചില ഇഴചിലുകളും ശ്ശെ എന്ന് തോന്നിക്കുന്ന അപൂര്‍വ്വം ചില ഡയലോഗുകളും .
4)ഭ്രാന്തനായി വേഷമിട്ട നടന്റെ അമിത നാടകീയ അഭിനയം.

ഒരു ഉറപ്പ്
ഇപ്പോള്‍ തിയേറ്ററില്‍ ഓടുന്ന ഏതൊരു പടത്തെ വച്ച് നോക്കിയാലും ഇത് തന്നെ മികച്ച സിനിമ.
എന്ന് കരുതി ഇതൊരു അത്യുജ്ജല ഉദാത്ത സിനിമ എന്നും പറയുന്നില്ല.
എങ്കിലും തെളിനീരു ഒഴുകുന്ന പുഴ പോലെ തെളിമയും എളിമയും നന്മയുമുള്ള
നിരുപദ്രവകാരിയായ ഒരു നല്ല പടം.
പായ്ക്കപ്പ്.
തകര്‍ന്നു തരിപ്പണം ആയിക്കൊണ്ടിരിക്കുന്ന മലയാള സിനിമയുടെ ദയനീയ അവസ്ഥയില്‍ നിര്‍ബ്ബന്ധമായും പ്രോല്സാഹിപ്പിക്കപ്പെടെണ്ട ചിത്രം.
തലയെടുപ്പുള്ള താരങ്ങളേക്കാള്‍ നല്ല കഥയും അവതരണവുമാണ് നല്ല സിനിമയുടെ പിന്നില്‍ എന്ന് അടിവരയിടുന്ന ചിത്രമാണിത്..
സിനിമാ സമരം കാരണം ഒരാഴ്ച ആയുസ് നീട്ടി കിട്ടിയിരിക്കുകയാണ് ഈ സിനിമയ്ക്ക് .
തീര്‍ച്ചയായും നിങ്ങള്‍ ഈ സിനിമ കാണണം എന്ന് ഞാന്‍ ആത്മാര്‍ഥമായി അഭ്യര്തിയ്ക്കുന്നു.
മറ്റു ഭാഷകളിലെ പോലെ മലയാളത്തിലും വരട്ടെ,മാറ്റത്തിന്റെ മണം.
വരട്ടെ,ഇങ്ങനെ വല്ലപ്പോഴും മാത്രമുള്ള നിശബ്ദ/ശബ്ദ വിപ്ലവങ്ങള്‍ ..........!!!!!!!

Friday, April 23, 2010

ഫോട്ടോസ്റാറ്റ് മെഷീന്‍ ഫ്രം മല്ലുവുഡ്


ജനകന്‍
സ്ക്രിപ്റ്റ്:എസ്,എന്‍ .സ്വാമി
സംവിധാനം:N.R.സഞ്ജീവ്
താരങ്ങള്‍:മോഹന്‍ലാല്‍ ,സുരേഷ്ഗോപി,ബിജു മേനോന്‍ ,വിജയരാഘവന്‍ ,കാവേരി ,ജ്യോതിര്‍മയി

വീണ്ടും പഴങ്കഥ
പണ്ട് ആറാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ എന്റൊപ്പം പഠിച്ച സൂരജിന്റെ സ്വര്‍ണ നിറത്തിലുള്ള ഗള്‍ഫിന്റെ പേന ഋതുമതിയായായി('മിസ്‌ ' ആയി എന്ന് വിവക്ഷ.)എങ്ങനെ മിസ്സായി എന്നതിന് തെളിവില്ല.അല്ലേലും അപ്പന്‍ പേര്‍ഷ്യയിലോള്ളതിന്റെ ഏനക്കേട് ഇച്ചിരി കൂടുതലായിരുന്ന അവന്റെ സങ്കടം ആരും മൈന്റ് ചെയ്തില്ല. ആ പേന പിന്നെ സൂരജ് കണ്ടത് സ്കോളര്‍ഷിപ്പ്‌ പരീക്ഷേടെ അന്ന് ആണ്.
'ആന സുനിലിന്റെ ' തൊണ്ണൂറു കിലോ ശരീരത്തില്‍ എങ്ങുമെത്താതെ ഷക്കീല ഷമ്മിയിട്ടത്‌ പോലുള്ള ആ കൊച്ചു ഷര്‍ട്ടിന്റെ പോക്കെറ്റില്‍ മേല്പോട്ടെടുക്കാന്‍ സിഗ്നല്‍ കാത്തു കിടക്കുന്ന റോക്കെട്ടിനെ പോലെ തല കുത്തനെയാണ്. തെളിവ് സഹിതം പൊക്കാന്‍ ചെന്ന സൂരജിനോട് ആന സുനി പറഞ്ഞു"പോടാപ്പനെ... ഇത് ബേറെ പേന..നിന്റെ പേനയ്ക്ക് അടപ്പോണ്ടാരുന്നല്ലോ,ഇതിനില്ല,നിന്റെ പേനയ്ക്ക് ദീഫില്ലര്‍ ഒണ്ടാരുന്നല്ലോ,ഇതിനില്ല,നെന്റെ പേനേല് ഒരഞ്ഞ പാടില്ലാരുന്നല്ലോ,ഇത് മൊത്തം ഒരഞ്ഞ പാട്...നോക്ക് .."
സംഭവം ശരിയാ....
അടിച്ചു മാറ്റിയതരിയാതിരിക്കാന്‍ ക്യാപ് കളഞ്ഞു , രീഫില്ലെര്‍ മാറ്റി തറയില്‍ ഇട്ടുരച്ചു തെളിവ് മുഴുവന്‍ നശിപ്പിച്ച ആ മൊതല് ഒറിജിനല്‍ ആണെന്നുറപ്പിയ്ക്കാന്‍ ആ പേന ഒണ്ടാക്കിയ ഫാക്ടരിക്കാര്‍ക്ക് പോലും പറ്റാത്ത അവസ്ഥ.അത്രയ്ക്ക് അതിനെ നാശമാക്കിയിരുന്നു.
അടിച്ചു മാറിയത് അറിയാതിരിക്കാന്‍ അതിനെ നശിപ്പിച്ചു വേറെ രൂപത്തില്‍ ആക്കുന്നത് കൊച്ചു പിള്ളാരുടെ മാത്രമല്ല,സിനിമാക്കാരുടെ ചിലരുടെയും ശീലമാണെന്ന് പലവുരു തെളിഞ്ഞതാണ്,അത് അവസാനം തെളിഞ്ഞത് "ജനകന്‍ " കാണാന്‍ പോയപ്പോഴാണ്.2009 സെപ്ടംബരില്‍ "വൈരം" എന്ന പേരില്‍ ഇറങ്ങിയ തരക്കേടില്ലാത്ത ഒരു പടത്തിന്റെ വികലമായ, നശിപ്പിയ്ക്കപ്പെട്ട ഫോട്ടോസ്റാറ്റ് വേര്‍ഷനാണ് ജനകന്‍ .

കഥാസാരം.
സ്വന്തം മകളെ ക്രൂരമായി നശിപ്പിച്ച മൂന്നു പേരെ കൊന്നു കളഞ്ഞ വിശ്വനാഥനെയും (സുരേഷ്ഗോപി) കൂട്ടുകാരെയും അഡ്വക്കേറ്റ് സൂര്യനാരായണന്‍ (മോഹന്‍ലാല്‍)കേസും കോടതിയുമില്ലാതെ ബുദ്ധി ഉപയോഗിച്ച് രക്ഷപെടുത്തുന്നു.ഈ ഒറ്റ വാചകത്തില്‍ തീരുന്നു കഥാസാരം.
ഭൂഷണം.

സാമൂഹ്യ പ്രസക്തമായ വിഷയം.
ഗസ്റ്റ് ആണെങ്കിലും ത്രൂ ഔട്ട്‌ മോഹന്‍ലാല്‍ ഉള്ളത് പോലെ ഫീല്‍ ചെയ്യിക്കാന്‍ കഴിഞ്ഞു.
അതിമാനുഷന്‍ അല്ലാത്ത ലാലിനെയും രോഷാകുലന്‍ അല്ലാത്ത സുരേഷ്ഗോപിയെയും നല്ലോരിടവേളയ്ക്ക് ശേഷം മനുഷ്യരായി കാണാന്‍ കഴിയുന്നു.
ആദിനാട് ശശി എന്ന ഒരു നാടകനടന്റെ (മരണവീട്ടിലെ ജോത്സ്യന്‍ )ഒറ്റ സീനിലെ നല്ല പെര്‍ഫോമന്‍സ്.
ഇപ്പോള്‍ തിയെട്ടരിലുള്ള പല പടത്തെയും പോലെ പൂര്‍ണമായും പ്രേക്ഷകരുടെ കഴുത് കണ്ടിയ്ക്കാതെ വിടുന്ന അവതരണം.
ഇത്രയും കാരണങ്ങളാണ് വേണമെങ്കില്‍ ഈ സിനിമ കാണാം എന്ന് തോന്നിപ്പിയ്ക്കുന്നത്.

ദൂഷണം.

1)സ്ക്രിപ്ട്ടിലും അവതരണത്തിലും ഉള്ള വല്ലാത്ത,മടുപ്പിയ്ക്കുന്ന,വെറുപ്പിയ്ക്കുന്ന ഇഴച്ചില്‍ ....
2)ഷോട്ടുകളിലെ പഴമ(സംവിധായകന്റെ ഗുരു കെ.മധുവിന്റെ മോശമായ പടങ്ങളില്‍ പോലും ഇത്രയും മോശമായ ഷോട്ടുകള്‍ കാണില്ല.ക്യാമറാമാനെ പോലെ ഇത്തരം ഷോട്ട് വയ്ക്കാന്‍ പറഞ്ഞ സംവിധായകനും തുല്ല്യ കുറ്റക്കാരന്‍ )
3)നിലവാരമില്ലാത്ത ഡയലോഗുകള്‍ (സ്വാമീ....ഇനിയും ഞങ്ങള്‍ ഇത് സഹിയ്ക്കണോ?സ്വാമിയുടെ തലമുടിയോടൊപ്പം ബുദ്ധിയും നരച്ചെന്നു കേള്‍ക്കാന്‍ നിങ്ങളെ ഇഷ്ട്ടപ്പെടുന്ന ഞങ്ങള്‍ ആഗ്രഹിയ്ക്കുന്നില്ല .)
4)ഗാനചിത്രീകരണം : യ്യോ))))))))))))))))))))))))))))))))))).............
5)പ്രവചിയ്ക്കാവുന്ന കഥാഗതി(ക്ലൈമാക്സിലെ അല്‍പനേരം ഒഴിച്ച )
6)മോഹന്‍ലാലിന്റെ നിര്‍വികാരമായ, താല്പര്യമില്ലാത്തത് പോലുള്ള അഭിനയവും സുരേഷ്ഗോപിയുടെ കഥാപാത്രം ഇണങ്ങാത്ത തരത്തിലുള്ള പ്രകടനവും (വൈരത്തില്‍ പശുപതി നടിച്ച സ്ഥാനത് സുരേഷണ്ണാ..... ഇത് കൊഞ്ചം ഏത്തമായി പോച്ചണ്ണാ... പോച്....അച്ഛനുറങ്ങാത്ത വീട്"ലെ സാമുവലേ.......-സലീംകുമാര്‍-
അങ്ങയും പോയി തൊഴണം ഈ വിശ്വനാഥനെ )
7)ബ്ലൂടൂതുകള്‍ വഴി പരക്കുന്ന സ്കാന്ടലുകളെ പോലും നാണിക്കുന്ന തരത്തില്‍ പലപ്പോഴും ബ്ലര്‍ ആയി പോകുന്ന വിഷ്വലുകള്‍.
8)സര്‍വ്വോപരി വൈരം എന്ന സിനിമയുടെ ഫ്രെയിമുകള്‍ പോലും പലപ്പോഴും യൂസ് ചെയ്തുള്ള ന്യായീകരിക്കാന്‍ പറ്റാത്ത കോപ്പിയടി.ഒരു പടം ഇറങ്ങി ഒരു വര്‍ഷമെങ്കിലും കഴിയും മുമ്പ് വൈരത്തിലെ വൈരമണിയെയും ജനകനിലെ സീതയേയും പോലെ കഥ ബലാല്‍സംഗം ചെയ്യപ്പെടുന്നത്( കോപ്പിയടിയിലൂടെ)തികഞ്ഞ അന്യായം

ഇത്തിരി നേരംപോക്ക്
ടൈറ്റിലില്‍ മോഹന്‍ലാല്‍ IN &AS സൂര്യനാരായണന്‍ എന്ന് എഴുതി കാണിച്ചതിന്റെ ഔചിത്യം ???????
സൂര്യനാരായണന്‍ എന്ന പടത്തില്‍ മോഹന്‍ലാല്‍ അതെ പേരില്‍ അഭിനയിക്കുന്നു എന്നാണര്‍ത്ഥം എന്നാണു ഞാന്‍ മനസിലാക്കിയിരിക്കുന്നത്.
പറയുമ്പോലെ എന്നെ ഇന്ഗ്ലീഷ്‌ പഠിപ്പിച്ചത് സദാനന്ദന്‍ സാറാണ് ,പുള്ളിയ്ക്ക് തെറ്റിയതായിരിക്കുമല്ലേ?

പായ്ക്കപ്പ്

കുറ്റങ്ങള്‍ ഏറെയുന്റെന്കിലും ഒരു പൊള്ളുന്ന വിഷയത്തെ കുറിച്ചുള്ള വികലമെങ്കിലും ശക്തമായ ഓര്‍മ്മപ്പെടുത്തല്‍ ഈ സിനിമ തരുന്നുണ്ട്.
പെണ്മക്കളുള്ള ഓരോ മാതാപിതാക്കളും ഈ പടം കാണുന്നതില്‍ തെറ്റില്ല.ഒപ്പം വേട്ടയാടാന്‍ തീരുമാനിച്ചുറച്ച പെണ്ണിറച്ചി തീറ്റക്കാരും.
പുള്ളിമാന്‍ പോലെ തീരെ ഓക്കാനം വരുന്ന പടങ്ങളുടെ ഗാനത്തില്‍ പെടുത്താവുന്ന ഒന്നല്ല ഇത്.കണ്ടത് കൊണ്ട് വലിയ നഷ്ടങ്ങള്‍ ഇല്ലാത്ത
ബലമുള്ള പ്രമേയമുള്ള, ബലമില്ലാത്ത അവതരണമുള്ള, ഒരു ആവറേജ് സിനിമ.

Wednesday, April 21, 2010

കഷ്ടമേ......ഹന്ത കഷ്ടമേ.........

പുള്ളിമാന്‍
തിരക്കഥ,സംവിധാനം:അനില്‍.കെ.നായര്‍.
നിര്‍മാണം:റൂബിന്‍ തോമസ്‌
സ്റ്റാറിംഗ് :കലാഭവന്‍ മണി,മീരാനന്ദന്‍ ,നെടുമുടി,മുകുന്ദന്‍ ,
പുള്ളിമാന്‍ കണ്ടു. കൂടുതല്‍
ഒന്നും പറയാനില്ല.ഇത്രമാത്രം.

എന്നോടൊപ്പം പടം കണ്ട മലയാളം പ്രോഫസ്സരുടെ (ആകെ തിയേറ്ററില്‍ ഉണ്ടായിരുന്ന ആറോ ഏഴോ പേരില്‍ ഒരാള്‍) അഭിപ്രായം:
''ഇത് രാജ ഭരണവും രാജാവ് സിനിമ ആസ്വാദകനും ആയിരുന്നെങ്കില്‍ ഈ സിനിമ എടുത്തവരെ പരസ്യമായി തൂക്കി കൊല്ലാന്‍ വിധിയ്ക്കുമായിരുന്നു.''

മറ്റൊരു സാധാരണക്കാരന്റെ അഭിപ്രായം ഇടയ്ക്കുള്ള രണ്ടക്ഷരം സെന്‍സര്‍ ചെയ്തു എഴുതട്ടെ.
"ഇതിനേക്കാള്‍ ഇവനൊക്കെ വാ..................ടാന്‍ പോയ്ക്കൂടാരുന്നോ....???"

എന്റെ അഭിപ്രായം-
"ഇത്തരം പടങ്ങള്‍ സൃഷ്ടിയ്ക്കുന്നത് ക്രിമിനല്‍ കുറ്റം ആക്കാനുള്ള നിയമ ഭേദഗതി കൊണ്ട് വന്നു മലയാള സിനിമാ ആസ്വാദകരെ രക്ഷിയ്ക്കാന്‍ അധികാരികളോട് ദയനീയമായി അപേക്ഷിയ്ക്കുന്നു".

ആ കഥകളി പദം ഓര്‍മ്മ വരുന്നു "കഷ്ടമേ......ഹന്ത കഷ്ടമേ........."


ആശ്വാസം: വലുതെന്തോ വരാനിരുന്നത് പുള്ളിമാന്റെ രൂപത്തില്‍ പോയെന്നു കരുതിയാല്‍ മതി

Tuesday, April 13, 2010

ഗോസ്റ്റ് ഹൌസ് :ഒരു ചലച്ചിത്ര കൊലപാതകത്തിന്റെ കഥ.ഇത്തിരി പഴമ്പുരാണം
ഞങ്ങളുടെ നാട്ടില്‍ (ഇപ്പോള്‍ താമസിക്കുന്നിടത്ത ല്ല,ഇതല്പം ഓള്‍ഡ്‌ സ്റ്റോറി ) ഒരു സുരേന്ദ്രന്‍ ചേട്ടായി ഉണ്ടായിരുന്നു.ആരോടും ഒരു ദ്രോഹവും കാട്ടാത്ത ഒരു സാധു ആയതു കൊണ്ടാവും ആ മിഡില്‍ എയ്ജ്ഡു പെഴ്സാനാളിട്ടിയെ നാക്കുറയ്ക്കാത്ത നേഴ്സറി പിള്ളേര്‍ മുതല്‍ നാനാ ജാതി മതസ്ഥരും ഒരു വര്‍ഗ്ഗ വര്‍ഗ്ഗീയ ഭേദവുമില്ലാതെ 'കൃമി സുര' എന്ന് വിളിച്ചു കൊണ്ടിരുന്നത്.ലൂസ് മോഷന്‍ പിടിപെട്ടവന് ടോയ്ലെറ്റില്‍ കണ്ട്രോള്‍ കിട്ടാത്തത് പോലെ ഫുള്‍ ടൈം അന്‍ന്‍കണ്ട്രോള്‍ഡ് ആയ ഒരു നാക്കുണ്ടായിരുന്നെങ്കിലും നാട്ടുകാര്‍ കൃമി സുരയെ മാന്നുവലി ഹാന്റില്‍ ചെയ്യാത്തത് ആഗ്രഹമില്ലാത്തത് കൊണ്ടായിരിക്കില്ല,പുള്ളിയ്ക്ക് കാവലായുള്ള ഏതോ ദൈവത്തിന്റെ മിടുക്ക് കൊണ്ട് മാത്രമായിരുന്നു.
വിഭാര്യനായ ആ മനുഷ്യന്റെ ഒറ്റ മുറി കുടില്‍ ആരോ തീവച്ചു.പാവം തോന്നിയ മറ്റു റസിടന്റ്റ് വാസികള്‍ കാശ് പിരിച് കൊടുക്കുകയും വീണ്ടും കുടില്‍ റീലോഡ് ചെയ്യുവാന്‍ വോളണ്ടറി ഹെല്‍പ്പുകയും ചെയ്തു.നിര്‍ഭാഗ്യമെന്നു പറയട്ടെ ആറു മാസത്തിനിടെ വീണ്ടും രണ്ടു തവണ കൂടി തീവയ്ക്കപ്പെട്ടപ്പോള്‍ ആണ് നാട്ടുകാര്‍ ആ തുണിയില്ലാത്ത സത്യം കണ്ടെത്തിയത്.സഹായധനം കിട്ടുവാന്‍ വേണ്ടി നൈറ്റ് ഇഫക്ടില്‍ പുള്ളി സ്വയം ചെയ്യുന്ന സല്‍ പ്രവൃത്തി ആയിരുന്നെന്നു എല്ലാര്‍ക്കും ബോധ്യപ്പെട്ടത്.കൂടി കൂടി പോകുന്ന മദ്യ വിലയെ ടോളറേറ്റ് ചെയ്യാന്‍ പുള്ളി കണ്ടെത്തിയ സ്വയം തൊഴില്‍ ആയിരുന്നു സ്വന്തം വീട് കത്തിയ്ക്കള്‍.(മൂന്നു മാസത്തേയ്ക്ക് വെള്ളമടിക്കാന്‍ ഒരു കത്തിക്കല്‍ അതായത് 3:1).കരക്കാരുടെ കാശ് കളക്റ്റ് ചെയ്യാന്‍ സ്വന്തം വീട് കത്തിച്ച സുരേന്ദ്രന്‍ ചേട്ടായിയെ ഞാന്‍ വീണ്ടും ഓര്‍ത്തത്‌ ലാലിന്റെ ഇന്‍ ഗോസ്റ്റ് ഹൌസ് കണ്ടപ്പോഴാണ്.താന്‍ തന്നെ പണിഞ്ഞ മനോഹരമായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന പ്രോടക്ടിനെ കാശ് കിട്ടാന്‍ വേണ്ടി മാത്രം കത്തിച്ചു നശിപ്പിച്ചു കളഞ്ഞ ലാല്‍ സത്യമായും എന്നെ കൃമി സുരയെ ഓര്‍മിപ്പിച്ചു.
ഇനി വിഷയത്തിലേയ്ക്ക്.
കഥാസാരം
ക്ലിഫ് ഹില്ലിലെ ഡോറോത്തി ബംഗ്ലാവ് ചുളു വിലയ്ക്ക് വാങ്ങിയ തോമസ് കുട്ടിയോടൊപ്പം കുറച്ചു നാള്‍ കൂടാന്‍ മഹാദേവനും ഗോവിന്ദന്‍ കുട്ടിയും അപ്പുക്കുട്ടനും എത്തുന്നു.ഡോറോത്തി മദാമ്മയുടെ ഒപ്പം മറ്റു രണ്ടു പ്രേതങ്ങളും അലഞ്ഞു നടക്കുന്ന അവിടേക്ക് നാല്‍വര്‍ സംഘം വന്നു കയറിയത് മുതല്‍ ദുര്നിമിത്തങ്ങള്‍ വേട്ടയാടാന്‍ തുടങ്ങിയ അവര്‍ ഗോവിന്ദന്‍ കുട്ടിയുടെ നിലനില്‍പ്പിനു വേണ്ടി ത്യാഗം സഹിച്ചു പ്രേത അന്തരീക്ഷത്തെ അതിജീവിയ്ക്കാന്‍ ശ്രമിയ്ക്കുന്നു.കൂനിന്മേല്‍ കുരു പോലെ അവരുടെ ഭാര്യമാരും എത്തുന്നതോടെ പ്രശ്നങ്ങള്‍ സന്കീര്‍ണമാവുന്നു.പ്രേത ബാധയെ ഒഴിപ്പിച്ചു പതിവ് സിനിമകള്‍ തീരുന്നിടത് ഒരു ഡ്രാമാടിക് ട്വിസ്റ്റ് ..ഇതാണ് ഇന്‍
ഗോസ്റ്റ്
ഹൌസ് ഇന്നിന്റെ രത്നച്ചുരുക്കും.


ഭൂഷണം
തരക്കേടില്ലാത്ത കളക്ഷനില്‍ സാമാന്യം നല്ല തിരക്കില്‍ ഓടി കൊണ്ടിരിക്കുന്ന സിനിമ തന്നെയാണ് ഇന്‍ ഗോസ്റ്റ് ഹൌസ് .ഇപ്പോള്‍ ഇറങ്ങുന്ന വീര്യമേറിയ പല വിഷ സിനിമകളുടെയും അത്ര ദ്രോഹം ചെയ്യുന്ന സിനിമയുമല്ല
നല്ല ഫ്രെയിമുകള്‍,നല്ല കുറെ ഷോട്ടുകള്‍,നല്ല കുറച്ചു സീക്വന്‍സുകള്‍
ആള്‍ക്കാര്‍ക്ക് അത്ര ബോര്‍ അടിച്ചു ചാവാനും മാത്രമില്ല.ഒരു പരിധി വരെ പലര്‍ക്കും തരക്കേടില്ല എന്ന അഭിപ്രായം തന്നെ ഉണ്ടാവുകയും ചെയ്യുന്ന പടം..പക്ഷെ സിനിദൂഷണത്തിന് പരദൂഷണം പറയാതെ വയ്യ. അല്ല..... അല്പം സത്യമുള്ള പരദൂഷണം തന്നെ എന്ന് കൂട്ടിയ്ക്കോ.
ദൂഷണം
സൃഷ്ടി പൂര്‍ണ്ണമായി കഴിഞ്ഞാല്‍ അത് ആസ്വാദകന്റെ സ്വത്താണ് എന്ന തത്വശാസ്ത്രത്തില്‍ നിന്നുകൊണ്ട് പറയട്ടെ.ഇന്‍ ഹരിഹര്‍ നഗരിലൂടെ മലയാളിക്ക് കിട്ടിയ നര്‍മ്മത്തിന്റെ,നല്ല മനുഷ്യരുടെ നന്മയുള്ള സുഖാനുഭവത്തെ നാലും കൂടിയ കവലയുടെ ഒത്ത നടുക്ക് വച്ച് പരസ്യമായി വ്യഭിചരിച്ച പോലെ തോന്നി എനിക്കിത് കണ്ടപ്പോള്‍.എന്റെ മാത്രം കാഴ്ചപ്പാട് പറയുന്നതാണ്.യോജിക്കാം,വിയോജിക്കാം.
"ഓരോരുത്തരുടെയും സിനിമ അവര്‍ക്ക് തോന്നും പോലെ ചെയ്യും,വേണമെങ്കില്‍ കണ്ടാല്‍ മതി.ഇത്രയും ആള്‍ക്കാര്‍ കാണുന്നില്ലേ..നിനക്കെന്താ ചൊറിച്ചില്" എന്ന് ചോദിച്ചാല്‍
"ഞാന്‍ കണ്ട സിനിമ എനിക്ക് തോന്നിയ അഭിപ്രായം പറയും അതിനു ചോദിക്കുന്നവനെന്തിനാ ചൊറിച്ചില്‍" എന്ന് ഞാന്‍ തിരിച്ചു ചോദിക്കും.
കാരണം പലതാണ്.
1) ആദ്യം മുതല്‍ യുക്തി രഹിതമായ അവിശ്വസനീയമായ കഥാഗതി.
2) അനൂപ്‌ ചന്ദ്രന്‍ ഉള്‍പ്പെടുന്ന ഫ്ലാഷ് ബാക്ക്,
3) തോമസ് കുട്ടി കൂട്ടുകാരെ ബോധ്യപ്പെടുത്താന്‍ ആദ്യ ഘട്ടത്തില്‍ നടത്തുന്ന നാടകം(സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ ഇത്രയും നാടകം കളിക്കാനും അതിനു ഇത്രയും ആളെ അറേഞ്ച് ചെയാനും കഴിഞ്ഞത് കഥാപാത്രത്തിന്റെഗുണമായല്ല,കഥ ഇന്റര്‍വെല്‍ വരെ വലിച്ചു നീട്ടി കൊണ്ട് പോകാനുള്ള സംവിധായകന്റെ അടവായാണ് എനിക്ക് തോന്നിയത്),
4) അനാവശ്യ സ്ഥലങ്ങളിലെ തോമസ് കുട്ടിയുടെ(അശോകന്റെ) സെന്റി,

5) പാരാ സൈക്കോളജി പഠിച്ചവന്‍ (മുകേഷ്) പ്രീഡിഗ്രി സൈക്കൊളജിക്കാരന്റെ ചിന്ത പോലും കാട്ടാതെ മണ്ടന്‍ അപ്പുക്കുട്ടനെ പോലെ പെരുമാറുന്നത്-അത് പിന്നെ സിനിമയ്ക്ക് വേണ്ടിയുള്ള അഭ്യാസം എന്നെങ്കിലും ന്യയെകരിക്കാം,വേണമെങ്കില്‍.
6) പാട്ട് കുത്തിത്തിരുകാന്‍ കഷ്ടപ്പെട്ട് രണ്ടു സിറ്റുവേഷന്‍ ഉണ്ടാക്കിയെടുത്തത് കണ്ടാല്‍ സങ്കടം വരും.പ്രത്യേകിച്ച് നാല് പെണ്ണുങ്ങള്‍ക്കും ഒരുമിച്ചു രതിമോഹദാഹം വന്നതും അതിനെ തുടര്‍ന്ന പാട്ടും (പാട്ടില്ലാതെ ഓഡിയോ റൈറ്റിന്റെ കാശ് നിന്റപ്പന്‍ കൊണ്ട് തരുമോടാ പ്രേക്ഷകാ....? സോറി ഞാനത് മറന്നു)
7) അഞ്ചോ ആറോ ഫ്രഷ്‌ കോമഡി ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി മുഴുവന്‍ പഴയ പല സിനിമകളിലെയും കണ്ടു പഴകിയ അളിഞ്ഞ കോമഡികളും (ഉദാ:കൊഞ്ചം വളി വിട് ,മുട്ടണ് ,ആസനം കരിഞ്ഞു പോകുന്നത്,വെളുത്ത മൂലം -അത് മിമിക്രി കോമഡി-
ഇതൊക്കെ എത്ര പടത്തില്‍ കണ്ടതാണ് എന്റെ സാറേ..എന്നിട്ടും തിയേട്ടരുകളില്‍ ചിരി വീഴുന്നത് കുട്ടികള്‍ ഉള്ളതിനാലും പഴയ പല കോമഡികളും ഒന്ന് കൂടി ഓര്‍ക്കാന്‍ അവസരം കിട്ടുന്നതിനാലും മാത്രമാണ്. jagadeeesh തന്നെ മിമിക്സ് ആക്ഷന്‍ ആയിരം എന്ന പടത്തില്‍ ഇടയ്ക്കിടെ ആവര്തിയ്ക്കുന്ന സഹജദീകരിക്കല്‍ എന്നതിന്റെ പുതിയ രൂപം' വിജ്രുംഭിച്ചു നില്‍ക്കല്‍'തുടക്കത്തിലെ പതിനഞ്ചു മിനിറ്റില്‍ ഉണ്ട് . പറഞ്ഞാല്‍ ഒത്തിരിയുണ്ട്.)
8) ജഗദീഷിന്റെ മണ്ടത്തരത്തിന്റെ ചുറ്റും കിടന്നു കറങ്ങുകയാണ് ഇത്തവണയും പാവം തിരക്കഥാകൃത്.മലയാള ജനതയെ ചിരിപ്പിച്ചു ശ്വാസം മുട്ടിച്ച സിദ്ധീക്ക് ലാലുമാരില്‍ ഒരാളുടെ പടം ആയതു കൊണ്ട് മാത്രമാണ് ഇത്ര ബുദ്ധിമുട്ട് തോന്നിയത്.
9) രണ്ടാം ഭാഗത്ത്‌ (ടു ഹരിഹരനഗരില്‍)അവസാനം അശോകനെ കൊണ്ട് കാണിച്ചത് പോലെ സെയിം അഭ്യാസം വേറൊരു രീതിയില്‍ ആവര്‍ത്തിച്ചിരിക്കുന്നു.രസ ചരട് പൊട്ടിയ്ക്കാനോ അത് വഴി സസ്പന്‍സ് പൊളിച്ചു ഒരാളെങ്കിലും പടത്തിനു പോകുന്നത് കുറയാനോ ആഗ്രഹിക്കുന്നില്ല എന്നത് കൊണ്ട് വിശദീകരിയ്ക്കുന്നില്ല.
10) ഒറ്റ ലൊക്കേഷനില്‍ ആറോ ഏഴോ ആര്ട്ടിസ്ട്ടുകളില്‍ നിര്‍ത്തി ചെലവു ചുരുക്കാന്‍ വേണ്ടി ഒരു പ്രത്യേക സംഭവങ്ങളോ സന്ഘര്‍ഷങ്ങലോ ഇല്ലാതെ ബംഗ്ലാവില്‍ മാത്രം നിര്‍ത്തി കഥ വലിച്ചിഴയ്ക്കുന്നത് എന്ന് എനിക്ക് മാത്രം തോന്നിയത് ആണോ ആവോ.ആദ്യ പകുതിയില്‍ ഇത്രയേ സംഭവിക്കുന്നുള്ളൂ -ഈ ബംഗ്ലാവില്‍ നില്‍ക്കണോ പോണോ.ഒരാള്‍ പോകാം എന്ന് പറയുമ്പോള്‍ മറ്റെയാള്‍ തടയും,അയാള്‍ പറയുമ്പോള്‍ ഇയാള്‍ തടയും....
11) യക്ഷിയെ ഒഴിപ്പിക്കാന്‍ ക്ലീഷേ ഡയലോഗുകളുടെ ഇന്ഗ്ലീഷ്‌ ആക്കിയുള്ള സര്‍ക്കസ് കണ്ടപ്പോള്‍ ചിരിയാണ് വന്നത് എനിക്ക് മാത്രമല്ല പലര്‍ക്കും.(ആരാണ് നീ,ഒഴിഞ്ഞു പോ എന്നതിന് പകരം പുതുമ എന്ന രീതിയില്‍ who are you...,am commanding you...go back ....ഹ ഹ ഹ ... )
11) ക്ലൈമാക്സ് എന്താണെന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയുന്ന തരത്തിലാണ് കഥയുടെ കിടപ്പ്.കാരണം സംശയിക്കപ്പെടെണ്ടവരുടെ ലിസ്റ്റില്‍ ആ ഒരു കഥാപാത്രമേ ഉള്ളു താനും.
12) അവസാനം പ്രതിനായക കഥാപാത്രത്തിന് ബംഗ്ലാവ് തിരിച്ചു നല്‍കുമ്പോള്‍ നായകന്മാര്‍ക്ക് കാശ് ഇങ്ങോട്ട് കിട്ടുകയല്ലേ ചെയ്യേണ്ടത് .
പക്ഷെ അവര്‍ അങ്ങോട്ട്‌ കൊടുക്കുന്നതായിട്ടാണ്(പുസ്തകങ്ങള്‍)കാണിച്ചിരിക്കുന്നത്.അത് എന്തിനാണെന്ന് എത്ര ചിന്തിച്ചിട്ടും ഈ പഴമനസു കൊണ്ട് ബോധ്യാവണില്ലാലോ ബഗവാനെ......
13) പേടിപ്പിക്കാന്‍ വേണ്ടി മൊത്തം കഥയുമായി ഒരിക്കലും പൊരുത്തപ്പെടാത്ത ഹൊറര്‍ സീക്വന്‍സുകള്‍(ആദ്യ ഖട്ടങ്ങളിലെ പല ഹൊറര്‍ സിംബലുകള്‍ക്കും പടം തീര്‍ന്നു ആലോചിച്ചു നോക്കിയാല്‍ ഒരു ന്യായീകരനവുമില്ല)

ആന്റി ക്ലൈമാക്സ്
കുട്ടികളുടെ ചിരിയില്‍ മുതിര്‍ന്നവര്‍ സഹജവാസനയില്‍ ചിരിയ്ക്കപ്പെടുനത് രണ്ടാമത് പടം കണ്ടപ്പോള്‍ ഞാന്‍ വ്യക്തമായി കണ്ടു.ഒറ്റപ്പെട്ട ചില കൂവലുകള്‍ ലാലിനെ ഒരുപാട് ഇഷ്ടപ്പെടുന്നവരുടെ ഭാഗത്ത്‌ നിന്നാണെന്നു തോന്നുന്നു ഉണ്ടായി.
മദാമ്മയുടെ പ്രേതങ്ങളല്ല മറിച്ച് ഒരു കാലത്തെ ചിരിവീരന്മാരായി നിറഞ്ഞു നിന്ന മഹാദേവന്‍ ‍,അപ്പുക്കുടന്‍ ,ഗോവിന്ദന്‍ കുട്ടി,തോമസ് കുട്ടി എന്നീ നാല് കഥാപാത്രങ്ങള്‍ ശരിക്കും അസ്ഥിത്വം നഷ്ടപ്പെട്ട് ഗതികിട്ടാ പ്രേതങ്ങളായി സ്ക്രീനില്‍ അലഞ്ഞു നടക്കുന്നത് കാണാമായിരുന്നു.
ചുരുക്കി പറഞ്ഞാല്‍ ഹരിഹര്‍ണഗരിലെ ആ പൊന്മുട്ടയിടുന്ന താറാവ് ചത്തു(നല്ല സിനിമയെന്ന താറാവ്).ലാല്‍ അറിഞ്ഞു കൊണ്ട് തന്നെ കാശിനു വേണ്ടി അല്‍പ്പം പോലും ഹോം വര്‍ക്കില്ലാതെ ആ താറാവിനെ കൊന്നു.ഇത് ഞാന്‍ പറയുന്നതല്ല.പടത്തിനു ശേഷം ചായക്കടയില്‍ അര മഴയത്തു ഒപ്പം നിന്ന അപരിചിതനായ-അപ്പോള്‍ പരിചയപ്പെട്ട ഒരു സിദ്ധീക്ക്-ലാല്‍ ഡൈഹാര്‍ഡ് ഫാന്‍ ആയ എന്ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥി പറഞ്ഞതാണ്.ആ പൊന്മുട്ടയിടുന്ന താറാവിനെ കൊന്ന കുറ്റത്തിന് ലാല്‍ കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് പടം കാണുന്ന ഓരോരുത്തരുമാണ്.
കിരീടത്തിന്റെ രണ്ടാം ഭാഗം വന്നപ്പോള്‍ തന്നെ ലോഹിതദാസിന് സേതു മാധവനെ കൊന്നു ആ പരമ്പര അവസാനിപ്പിക്കാനുള്ള ധാര്‍മികത കാണിക്കേണ്ടി വന്നു.പക്ഷെ ഒരു നാലാം ഭാഗത്തിന്റെ ഭീഷണി കാണികള്‍ക്ക് വിട്ടു തന്നു കൊണ്ടാണ് ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ അവസാനിക്കുന്നത്.
സത്യം പറഞ്ഞാല്‍ പടം തീര്‍ന്നതിനു ശേഷം ലൊക്കേഷന്‍ അബദ്ധങ്ങള്‍ കാണിച്ച മൂന്നു മിനിറ്റ് നേരമാണ് ടോട്ടല്‍ രണ്ടര മണിക്കൂര്‍ പടതെക്കാള്‍ നല്ലതായി തോന്നിയത്.പടം തീര്‍ന്നപ്പോള്‍ ഒരു മാമന്‍ പിരുപിരുക്കുന്നത് ആള്‍ക്കൂട്ടത്തിന്റെ ബഹളത്തിനിടയില്‍ അവ്യക്തമായി കേട്ട്.
"ലാസ്റ്റ് കാണിച്ചത് രണ്ടു മണിക്കൂര്‍ കാണിച്ചാല്‍ മതിയാരുന്നു".

പായ്ക്കപ്പ്
ഇതൊക്കെയാണെങ്കിലും കോമഡി എന്ന പേരില്‍ ഇപ്പോള്‍ ഇറങ്ങി കൊണ്ടിരിക്കുന്ന കല്പാന്തകാല ചവറുകളുടെ മുന്നില്‍ നല്ല പടം തന്നെയാണ് ഈ പടം.
ഇത് വെക്കേഷന്‍ ടിം ആയതു കൊണ്ട് തന്നെ ഹിറ്റ് ആകും എന്നും ഉറപ്പാണ്‌.
പക്ഷെ സിദ്ധീക്ക് ലാലുമാരില്‍ നിന്നും ഇത്ര പോര എന്ന് തോന്നിയെന്ന് മാത്രം...
അല്ലയോ ലാല്‍..., കുഞ്ഞു പടക്കങ്ങള്‍ തരാന്‍ ഇവിടെ ഒരുപാടു പേരുണ്ട്.
ഞങ്ങള്‍ താങ്കളില്‍ നിന്നും കൂടുതല്‍ കരുത്തുള്ള, കാമ്പുള്ള, കടുത്ത ചിരിയുള്ള വലിയ ബോംബുകള്‍ ആഗ്രഹിക്കുന്നു.
കാരണം നിങ്ങളെ,നിങ്ങളുടെ സിനിമയെ ഞങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്നു.

Thursday, April 8, 2010

ഉദ്ധാരണം pls dont misunderstand me yaar....

-
''മണ്ട പൊള ക്കാനായിട്ടു...
നിനക്ക് ചാക്കാലേം ഇല്ലെട...***##%&*** മോനെ...""


സംഭവം ലിജുവ്നെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

പാതിരാതി ഒന്നര മണിക്കുള്ള ഉറക്കത്തിന്റെ സൊകം
ഉറങ്ങുന്നവനല്ല ഉറക്കം മുറിയുന്നവനെ അറിയൂ...
അതും ഭാര്യ, വീട്ടില്‍ പോയ തക്കത്തിന് പരോള്‍ കിട്ടിയ ആഹ്ലാദത്തോടെ ഒരു ബീവരെജ് മൊത്തവും കുടിച്ചു വറ്റിച്ചു 'ഈ കയ്യും കാലുമൊക്കെ
വന്റെതാടാ' എന്ന മട്ടില്‍ സ്വന്തം കയ്യും കാലും എങ്ങോട്ടൊക്കെയോ പെറുക്കിയെറിഞ്ഞു അരങ്ങാണ ചരടില്‍ അറിയാതെ അല്പം മാത്രം കൊരുത്തിരുന്ന ലുങ്കിയുടെ ഒന്നര സെന്റീ മീറ്റര്‍ കൊണ്ട് നാണം മറച്ചു കിടന്ന ഒരുത്തന്.....
അവന്‍ തെറി വിളിക്കയല്ല..എന്നെ തെരണ്ടി വാല് കൊണ്ടടിയ്ക്കണം....
സംഭവം ഇത്രേയുള്ളൂ...
മോഹന്‍ലാലിനു അഭിനയിക്കാന്‍ അറിയില്ല
ന്ന് അഴീക്കോട് മാഷിനു കഴിഞ്ഞാഴ്ച വെളിപാടുണ്ടായ പോലെ എനിക്കൊരു വെളിപാട്...അതും പാതിരാത്രി...
സംഭവം എന്താ...
എനിക്ക് മലയാള സിനിമയെ ഉദ്ധരിയ്ക്കണം.

മലയാള സിനിമയുടെ ഇതുവരെയുള്ള ഉദ്ധാരണം കൊണ്ടെനിയ്ക്ക് തൃപ്തി ഇല്ലെന്നു സാരം....
സ്വപ്നത്തില്‍ തൂവെള്ള (ആ കളര്‍ എന്തെന്ന് മാത്രം ചോദിയ്ക്കരുത്....ഈ ''തൂ''വെള്ള എന്ന് പലരും കാച്ചുന്നത് കണ്ടു ഞാനും കാച്ചിയതാണ്.)ശേര്‍വാനിയും അതിനു തകന്ന മറ്റു കോസ്ട്യൂമും ധരിച്ച ഒരു അപ്പാപ്പന്‍ വന്നു പറഞ്ഞു....
നീ നാളെ മുതല്‍ പ്രേക്ഷകന്‍ എന്നറിയപ്പെടും.....
നിന്റെ ജോലി മലയാള സിനിമയെ ഉദ്ധരിപ്പിക്കലാണ് .
അതിനു നീ ഒരു ബ്ലോഗു തുടങ്ങണം......
"അയ്യോ അപ്പാപ്പാ അതിനെനിയ്ക്ക് ...."
''മിണ്ടരുത്....നീ ബ്ലോഗു തുടങ്ങുന്നോ
അതോ ഞാന്‍ ശപിയ്ക്കണോ ......''
ശാപം താങ്ങാനുള്ള ആമ്പിയര്‍ ഇല്ലാത്തത് കൊണ്ട് മലയാള സിനിമയെ രക്ഷിയ്ക്കാനുള്ള ബ്ലോഗു തുടങ്ങാന്‍ ഞാന്‍ നിര്‍ബന്ധിതനായി സുഹൃത്തുക്കളെ നിര്‍ബന്ധിതനായി .
ആ ബ്ലോഗാനളിയാ ഈ ബ്ലോഗ്‌ ....
ഒരു ബ്ലോഗു തുടങ്ങുന്നത് നല്ലതാണോ മച്ചൂ എന്ന് പാതിരാത്രി മേല്‍പറഞ്ഞ ലിജുവിനെ വിളിച്ചുണര്‍ത്തി ചോദിച്ചു എന്ന കുറ്റത്തിനാണ് ആ ഡാഷ് മോന്‍ എന്നെ തെറി വിളിച്ചത് .....

ഏതായാലും ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു .

ആരു തെറി വിളിച്ചാലും ഞാന്‍ ഈ ബ്ലോഗ്‌ എഴുതും .....
(എന്റെ വിവരമില്ലാഴിക കൊണ്ട് പലരും വിളിക്കുമെന്നറിയാം ..
അതിനൊരു മുന്‍‌കൂര്‍ ജാമ്യം )

ഇനിയപ്പോള്‍ മലയാള സിനിമയെ ഉദ്ധരിച്ചിട്ട് കാണാം.....

ഈ ഉദ്ധാരണ പ്രക്രിയയില്‍ എല്ലാ ബൂലോകവാസികളുടെയും കൃപാ കടാക്ഷങ്ങള്‍ സാദരം ക്ഷണിച്ചു കൊണ്ട് അടുത്ത ബെല്ലിനു ഉദ്ധാരണം .... സോറി ബ്ലോഗ്‌ ആരംഭിയ്ക്കുന്നു.
ഇനി ഔദ്യോഗികമായി പറഞ്ഞോട്ടെ ഒരു പുതിയ ചലച്ചിത്ര അധിഷ്ടിത ബ്ലോഗ്‌ തുടങ്ങുന്നു...
സിനി 'ദൂഷണം'.
വരണം,വായിക്കണം,വല്ലതും പറയണം......
ഒറ്റ ആത്മ വിശ്വാസമേ എനിക്കുള്ളൂ...
മലയാള സിനിമയെ എനിക്കറിയും പോലെ ആര്‍ക്കറിയാം....
ഒക്കെ നിങ്ങള്‍ക്കായുള്ള എന്റെ വക ഒരു കാരുണ്യം .....